എഴുകോണ്‍: എഴുകോണ്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തെ വെയിറ്റിംഗ് ഷെഡ് അപകടാവസ്ഥയില്‍. ഒന്നരമാസം മുമ്പ് വെയിറ്റിംഗ് ഷെഡ് മരം വീണ് തകര്‍ന്നിട്ടും ഇനിയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
വെയിറ്റിംഗ് ഷെഡിന്റെ മുകള്‍ ഭാഗം അടര്‍ന്നുവീഴാവുന്ന നിലയിലാണ്. മാത്രമല്ല വെയിറ്റിംഗ് ഷെഡിലേക്ക് മറിഞ്ഞ മരം റെയില്‍വേ ഇനിയും പൂര്‍ണമായി മുറിച്ചു മാറ്റിയിട്ടുമില്ല.
നിര്‍മാണം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകമാണ് റെയില്‍വേ ഭൂമിയില്‍ നിന്ന മരം കടപുഴകി വെയിറ്റിംഗ് ഷെഡിനു മുകളിലേക്കു പതിച്ചത്. മരം വീണതോടെ വെയിറ്റിംഗ് ഷെഡിന്റെ മുകള്‍ ഭാഗം തകരുകയും ചെയ്തു. വെയിറ്റിംഗ് ഷെഡിലേക്കു വീണ മരത്തിന്റെ ശിഖരങ്ങള്‍ മാത്രം വെട്ടിമാറ്റി. മറിഞ്ഞ മരത്തിന്റെ തടി വീഴാവുന്ന അവസ്ഥയില്‍ നില്‍ക്കുകയാണ്.റെയില്‍വേ ഇടപെട്ട് റെയില്‍വേ ഭൂമിയില്‍ നില്ക്കുന്ന മരം മുറിച്ചുമാറ്റണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്ന ദേശീയപാതയോരമാകെ ചെളി നിറഞ്ഞു കിടക്കുകയാണ്. എപ്പോഴും യാത്രക്കാര്‍ വന്നുപോകുന്ന ഭാഗമാണ്. ചെളിയില്‍ക്കൂടി നടന്നാണ് റെയില്‍വേ സ്റ്റേഷനിലേക്ക് പോകേണ്ടത്.